09:32pm 18 September 2026
NEWS
വീണയുടെ പണം നിയമാനുസൃതം, മറ്റുള്ളവർ വാങ്ങിയത് അങ്ങനെയല്ല; ഇ.ഡിക്കെതിരെ എം.വി. ഗോവിന്ദന്റെ ഗുരുതര ആരോപണം
18/09/2026  07:44 PM IST
nila
വീണയുടെ പണം നിയമാനുസൃതം, മറ്റുള്ളവർ വാങ്ങിയത് അങ്ങനെയല്ല; ഇ.ഡിക്കെതിരെ എം.വി. ഗോവിന്ദന്റെ ഗുരുതര ആരോപണം

 


തിരുവനന്തപുരം: സിഎംആർഎൽ–വീണ വിജയൻ വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിഎംആർഎല്ലിൽനിന്ന് വീണ വിജയൻ സ്വീകരിച്ച പണം കരാർ പ്രകാരം നൽകിയ സേവനത്തിനുള്ള പ്രതിഫലമാണെന്നും, അതേസമയം മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം സ്വീകരിച്ചത് നിയമാനുസൃതമായല്ലെന്നും ഗോവിന്ദൻ ആരോപിച്ചു.

നേതാക്കളുടെ ബന്ധുക്കൾ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സർക്കാരിന് നികുതി ഉൾപ്പെടെയുള്ള ബാധ്യതകൾ അടച്ചാണ് വീണ പണം സ്വീകരിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ, വീണയ്‌ക്കെതിരെ മാത്രം നിയമനടപടി സ്വീകരിക്കുകയും മറ്റുള്ളവർക്ക് ഇളവ് നൽകുകയും ചെയ്യുന്ന സമീപനമാണ് അന്വേഷണ ഏജൻസി സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വീണയ്‌ക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ഇ.ഡി. ഹവാല ഇടപാടിന്റെ പുതിയ കഥയുമായി രംഗത്തെത്തിയതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ‘റെഡ് ബുക്ക്’ ഉണ്ടെന്നും പണം വിദേശത്തേക്ക് അയച്ചതായി വീണ മൊഴി നൽകിയെന്നുമുള്ള ഇ.ഡിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ആരോപിച്ചു.

1.78 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുപകരം പുതിയ ആരോപണങ്ങൾ ഉയർത്തുന്നത് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്നും ഗോവിന്ദൻ പറഞ്ഞു. വീണയെ ചോദ്യം ചെയ്ത സമയത്ത് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

മുഹമ്മദ് റിയാസിന്റെ വാട്‌സാപ് ഗ്രൂപ്പിനെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി ഇ.ഡി. നടത്തുന്ന പരാമർശങ്ങളും തെറ്റാണെന്ന് ഗോവിന്ദൻ ആരോപിച്ചു. യുഡിഎഫ് സർക്കാരിനെ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാനാകുമോ എന്നതാണ് ഇ.ഡി. ഇപ്പോൾ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡി. ചോദ്യം ചെയ്ത ഘട്ടത്തിൽ അതിനെതിരെ സിപിഎം നിലപാട് സ്വീകരിച്ചിരുന്നുവെന്നും, എന്നാൽ കേരളത്തിൽ കോൺഗ്രസ് ഇ.ഡിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

അതേസമയം, കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിലും യുഡിഎഫ് സർക്കാരിനെതിരെ വിമർശനം ഉയർത്തി സിപിഎം സംസ്ഥാന സെക്രട്ടറി. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് പവർകട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കിയിരുന്നുവെന്നും, യുഡിഎഫ് അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളം ഇരുട്ടിലായെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ക്ഷാമം ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനികളുമായി വലിയ ഇടപാടുകൾ നടത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും കോർപറേറ്റ് കമ്പനികൾക്ക് ലാഭം ലഭിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.

ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഒപ്പിട്ട വൈദ്യുതി കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതുകൊണ്ടാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയെന്ന വാദവും അദ്ദേഹം തള്ളി. നടപടിക്രമങ്ങൾ പാലിക്കാതെ കരാർ ഉണ്ടാക്കിയതിനാലാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അത് റദ്ദാക്കിയതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img